മഴയായിരുന്നു അന്നു മുഴുവന്‍: ഓര്‍മ്മകളുടെ മഴ.
ഇനി ഒരിക്കലും പെയ്തു നിറയാന്‍ ആവില്ല
എന്നോര്‍ത്തപ്പോ വെറുതെ ഒരു സങ്കടം.
എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ വെറുതെ നടക്കാനിറങ്ങും,കിഴക്കേകോട്ടയിലെ തിരക്കിലേയ്ക്കോ, മ്യൂസിയത്തിലെ നിശബ്ദതയിലോ സ്വയം നഷ്ട്പ്പെട്ട് അങ്ങനെ.....
ചിലപ്പോള്‍ ഞങ്ങള്‍ വാതോരാതെ സംസാരിക്കും ഈ ഭൂമിയിലെ എല്ലാ വിഷയങ്ങളിലും ബിരുദം നേടിയവരെ പോലെ..... ജ്ഞാനവൃദ്ധന്മാരായി എന്തൊക്കെ അബ്ദങ്ങളാണ് അന്നു വിളിച്ചു കൂകിയിരുന്നത്. വിജിമോനും മനോജും ആയിരുന്നു കൂട്ടത്തിലെ ഗായകര്‍. എല്ലാ പ്രണയങ്ങള്‍ക്കും പിന്നണി പാടിയത് അവര്‍ ആയിരുന്നു. കൂടുതലും വിരഹഗാനങ്ങള്‍.
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ..........................
എന്തോ ഈ ഗാനം പാടുമ്പോള്‍ മാത്രം എല്ലാവരും തലതാഴ്ത്തി ഇരിക്കും .....
ഏതോ വിദൂര സ്മരണകളില്‍ മുഖം പൂഴ്ത്തി ഇരിക്കും പോലെ.......
ചൂടാതേ പോയി നീ നിനക്കായി ഞാനെന്‍
ചോര ചാര്‍ത്തി ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
ഇടയ്ക്ക് ചുള്ളിക്കാടും അങ്ങനെ വന്നു പോകും..... എല്ലാവര്‍ക്കും ഒരു പ്രണയമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരു ചുവന്ന ശവകുടീരവും.........
പെങ്കുട്ടികള്‍ അന്നു ഞങ്ങളെ കളിയാക്കി വിളിച്ചത് സ്ത്രിവിരോധികള്‍ എന്നായിരുന്നു. എന്തിനാവോ അന്നു അവര്‍ അങ്ങനെ വിളിച്ചത്.... ഞങ്ങളുടെ സംഘത്തില്‍ അന്നു പെങ്കുട്ടികളും ഉണ്ടായിരിന്നിട്ട് കൂടി...
സെക്രട്ടറിയേറ്റിനു മുന്നിലൂടെ കടന്നു പോകുമ്പൊള്‍ ഇപ്പോ പഴയ സമരകാലങ്ങള്‍ ഓര്‍മ്മ വരും. നഗരത്തിലേ എല്ലാ ഊടു വഴികളും കാണാപാഠമാക്കിയത് ഈ സമരകാലത്തായിരുന്നു.
ലാത്തിച്ചാര്‍ജ്ജില്‍ നിന്നു രക്ഷപ്പെടാന്‍ ഓടാത്ത വഴികള്‍ ഇല്ല. അന്ന് രക്തം വിപ്ലവമായിരുന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചു. ക്ലാസുകള്‍ തോറും പ്രസംഗിച്ചു നടന്നു. കവിതയും വിപ്ലവും ജീവിതവും ഇഴകി ചേര്‍ന്ന കാലം. എല്ലാത്തിനും പ്രോത്സാഹനവുമായി അധ്യാപകരും ഉണ്ടായിരുന്നു. കൊടികള്‍ താഴാന്‍ പാടില്ല. എല്ലാവരും വാശിയില്‍ , ഏറ്റ് മുട്ടലുകള്‍ ,പിടിച്ചുതള്ളലുകള്‍ . പോരിനു വിളിക്കല്‍
എല്ലാം കഴിഞ്ഞ് മടങ്ങുമ്പൊള്‍ പരിഭവവുമായി ഒരു മുഖം .ഇനി നമുക്കിതു വേണ്ട,,, സത്യം ചെയ്യ്.... പുഞ്ചിരി മടങ്ങി വന്നു....... പിന്നെ പരിഭവകനല്‍ പങ്കുവെയ്ക്കാനും ആരും ഇല്ലാതെയായി...... മരണത്തിന്റെ ദൂതുമായി പലരും തിരക്കി വന്നു പിടികിട്ടിയില്ല. വീശിയ വാളില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടു. ഒരു തവണ പോലിസ് രക്ഷകരായി. ജീപ്പില്‍ ആശ്വാസത്തോടെ ഇരുന്നപ്പോഴും പണ്ടു ഇക്കൂട്ടര്‍ തന്നെ തല്ലി ചതച്ചത് ഓര്‍ത്തു. പിന്നെയും ഒന്നും ശാന്തമായില്ല എല്ലാം പഴയ പടി.......
ഒരിക്കല്‍ മുദ്രാവാക്യം വിളിച്ചു എത്തിയ രണ്ടു കൂട്ടരും ഏറ്റ് മുട്ടി . തടയാനെത്തിയ പ്രിയ അദ്ധ്യാപകനെയും ആളുമാറി തല്ലി. അതൊടെ എല്ലാം നിശബ്ദം ചോര വാര്‍ന്നു മുന്നില്‍ ഗുരു...
കഥയും കാലവും ഏറെ മുന്നോട്ട് പോയിരിക്കുന്നു. പഴയ പരിഭവം ഗൃഹസ്ഥയായി ........
കലാലയത്തിന് പുതിയ അവകാശികള്‍ വന്നു. വാകയും ലൈബ്രറിയും ഇടനാഴിയും ,എല്ലാം അതുപോലേ തന്നെയുണ്ട്.. പണ്ടത്തെ മുദ്രാവാക്യങ്ങള്‍ ഇപ്പോഴും മുഴങ്ങുമ്പൊലെ തോന്നും.
സംഘം പല വഴി പിരിഞ്ഞു. പിന്നെ നനുത്ത സ്മൃതികളായി എല്ലാവരും ഒതുങ്ങി....................
യാത്രയുടെ ദിവസം മഴ വെറുതെ അലച്ചാര്‍ത്തു.... എല്ലാവരും ചേര്‍ന്ന് വെറുതേ മൂളി........
യാത്രയായ് മറഞ്ഞു പോയതെന്തിനോ............
എന്റെ ജീവനില്‍ പിടഞ്ഞു പിന്നെയും............
നീ പറഞ്ഞൊരാദ്യ വാക്കില്‍
ഇന്നലെ എന്റെ മോഹജാലകം തുറക്കയായി................

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍