വേണമോ നമുക്കീ വിലകെട്ട സമരം ?
വിദ്യാഭ്യാസം എന്നത് ഉപരിപ്ലവമായ ഒരു വളര്‍ച്ച മാത്രമല്ല അത് ആന്തരികമായ പുഷ്ടിപ്പെടല്‍ കൂടിയാണ്. സ്വയം അന്വേഷിച്ചറിയുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ. പക്ഷേ കേരളത്തില്‍ അവസ്ഥ വ്യത്യസ്തമാണ്, മൂലധന വ്യവസ്ഥകളില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ രംഗം അറിവിന്റെ ആദാന പ്രദാനത്തിനുമപ്പുറം സാമ്പത്തികവരവുകളിലും ലാഭത്തിന്റെ പെരുക്കപ്പട്ടികയിലും അത് കുരുങ്ങിക്കിടക്കുകയാണ്. അതു കൊണ്ടു തന്നെ അതിനെ സംബന്ധിച്ച ഏതു ചര്‍ച്ചും കലഹത്തിലും തെരുവുയുദ്ധത്തിലുമാണ് കലാശിക്കുക. പുതിയ വിവാദം പാഠ പുസ്തകത്തെ സംബന്ധിച്ചാണ്
മതത്തേയും മത ചിന്തയേയും അതു വെല്ലുവിളിക്കുന്നു. വിദ്യാര്‍ത്ഥികളീല്‍ മതചിന്ത ഇല്ലാതാക്കുന്നു. ആചാരങ്ങളേയും പാരബര്യത്തെയും അതു വെല്ലുവിളീക്കുന്നു........
ആരോപണങ്ങള്‍ അനവധിയാണ്........
പ്രതിക്കൂട്ടില്‍ സര്‍ക്കാരും ... സമരം കൂടിയേ തീരൂ...
നമ്മള്‍ ഹിന്ധുക്കളും അവര്‍ മുസ്ലിങ്ങളും ആണ്..
നമ്മള്‍ മുസ്ലീങ്ങളും അവര്‍ ക്രിസ്താനികളുമാണ്...
തെരുവില്‍ കണ്ടാല്‍ പരസ്പരം കാര്‍ക്കിച്ചു തുപ്പണം...
പറ്റുമെങ്കില്‍ നെഞ്ചിലേക്ക് വാള്‍ കുത്തിയിറക്കണം
നല്ല ശമരിയാക്കാരനായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം.
ദൈവത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ ചൂഷണങ്ങളേയും കണ്ണുമടച്ച് വിശ്വസിക്കണം .
ഗാന്ധിജിയും നെഹ്രുവും പറഞ്ഞതൊക്കെ ആര്‍ക്കു വായിച്ചു നോക്കാന്‍ സമയം....
എല്ലാം തെരുവില്‍ അഗ്നി തിന്നു തീര്‍ക്കുകയല്ലേ..
ഒരു ജനക്കുട്ടത്തിനു മുഴുവന്‍ ഭ്രാന്തു പിടിച്ചാല്‍ അതിനെ മതം എന്നു വിളീക്കാം എന്ന ചിന്ത ഒരിക്കല്‍ കൂടി നമുക്കു ഓര്‍ത്തെടുക്കാം...
ഒരു ഡിസംബര്‍ 6-ലേയ്ക്കും ഗുജറാത്തിലേക്കും ഉള്ള പാത നമ്മുടെ ക്ലാസ് മുറികളില്‍ നിന്നു ആരംഭിക്കാം.
ദളിതനെ ചുട്ടുകൊന്ന വാര്‍ത്ത നമ്മുടെ കുട്ടികള്‍ അറിയെണ്ടാ. ജാതികോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതും വിലക്കു കല്പിക്കുന്നതും, ദളിതനെ കാണാതിരിക്കാന്‍ മതിലുകെട്ടി ഗ്രാമത്തെ വേര്‍തിരിച്ച കഥയും അറിയാതിരിക്കാന്‍ നമുക്കിനി അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാം , കാതുകളില്‍ ഈയം ഉരുക്കി ഒഴിക്കാം..
രാഷ്ട്രിയലാഭം കൊയ്യാനും ചിലരുണ്ടായി.. പുതിയ വിദ്യാര്‍ത്ഥികളെ മെമ്പറാക്കി ചേര്‍ക്കേണ്ടേ? അതിന് സമരം വേണ്ടെ പൊതുവേദികളില്‍ നമ്മുടെ സാന്നിധ്യം അറിയിക്കേണ്ടെ ...
ടിവി ചാനലിലേ കോമാളികള്‍ക്കും നല്ല കാലമാണ്. പത്തു തികച്ചു പഠിച്ചില്ലെങ്കിലും പാഠവും സ്ക്കുളും കോമാളിത്തമാണ് എന്നു പറഞ്ഞ് നാട്ടുകാരെ ചിരിപ്പിച്ചു കൊണ്ടിരിക്കാമല്ലോ... പ്രസ്സ് ക്ലബുകള്‍ പടച്ചു വിട്ട പത്രപ്രവര്‍ത്തകരും നമുക്കായി വാര്‍ത്തകള്‍ തരും...
ചുരുക്കത്തില്‍ ചിരിച്ചു ചിരിച്ച് ....
നമുക്കു മരിക്കാം...
മതം പറയണം...
ജാതിപറയണം...
കാവിയും തലേക്കെട്ടും കൊന്തയുമായി സ്ക്കുളീല്‍ പോകണം
സാറില്ലാത്ത പിരീഡുകളീല്‍ ജാതിപറഞ്ഞു കളീക്കണം
ദളിതനെ തിരഞ്ഞു പിടിക്കണം .......
നമ്മുടെ സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ നമ്മോട് ക്ഷമിക്കട്ടേ....
പല ജാതി പല ദൈവം പല മതം മനുഷ്യര്‍ക്ക്.....
വിവാദം സൃഷ്ടിച്ച പാഠ ഭാഗങ്ങള്‍
സമരപാഠം, വിവാദപാഠം
ഹൈബി ഈഡന്‍.,കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
1. 'മതമില്ലാത്ത ജീവന്‍' എന്ന പാഠം മതവിദ്വേഷം വളര്‍ത്താനേ ഉപകരിക്കൂ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവചരിത്രത്തില്‍നിന്ന് ഒരു ചെറിയ ഭാഗം ഉദ്ധരിച്ച് അദ്ദേഹത്തെ മോശക്കാരനാക്കുന്നു. തനിക്ക് മരണാനന്തരചടങ്ങുകള്‍ വേണ്ടെന്നു പറയുന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് നെഹ്‌റുവിനെ അവഹേളിക്കാനാണ്.
2. പാഠപുസ്തകത്തില്‍ മറ്റൊരു ഭാഗത്ത് പൊതുകിണറ്റില്‍ നിന്ന് വെള്ളം കോരിയ ദളിത് യുവാവിനെ ചുട്ടുകൊന്നുവെന്ന് വിവരിക്കുന്നുണ്ട്. ഇതു കുട്ടികളില്‍ ജാതിചിന്തയും സ്‌പര്‍ദ്ധയും വര്‍ദ്ധിക്കാനിടയാക്കും.
3. ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ച് പുസ്തകത്തില്‍ ഒരു പേജുമാത്രമേയുള്ളൂ. അതേസമയം, സി.പി.എം സമരങ്ങളായ കരിവള്ളൂര്‍ സമരത്തെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യസമരമെന്ന രീതിയിലാണ് പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
4. ഗാന്‌ധിജിയെ കാര്‍ട്ടൂണിലൂടെ വികൃതമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
5. സാമൂഹ്യ പാഠപുസ്തകത്തില്‍ 57-ലെ ഭൂപരിഷ്കരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അദ്ധ്യാപകര്‍ക്കായി നല്‍കിയ പരിശീലന പരിപാടിയില്‍ 57-ലെ ഭൂപരിഷ്കരണനിയമം പ്രോജക്‌ട് തയ്യാറാക്കാന്‍ തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരിക്കുന്നു. പ്രോജക്‌ട് തയ്യാറാക്കുമ്പോള്‍ 57-ലെ സമരവുമായി ബന്‌ധപ്പെട്ട സമരനേതാക്കളെ കുട്ടികള്‍ കാണണമെന്നും അവരുടെ അനുഭവം പ്രോജക്‌ടില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശം. അതായത്, സ്വാതന്ത്ര്യസമരത്തിനുപോലും നല്‍കാത്ത പ്രാധാന്യം 57-ലെ ഭൂസമരത്തിന് നല്‍കി എന്നര്‍ത്ഥം.
പുസ്‌തകത്തില്‍ ഇങ്ങനെ
1. മതമില്ലാത്ത ജീവന്‍
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്‌മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്റെ പേരെന്താ?"
"ജീവന്‍."
"കൊള്ളാം... നല്ല പേര്. അച്ഛന്റെ പേര്?"
"അന്‍വര്‍ റഷീദ്."
"അമ്മയുടെ പേര്?"
"ലക്ഷ്‌മീദേവി."
ഹെഡ്‌മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:
"കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?"
"ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ."
"ജാതിയോ?"
"അതും വേണ്ട."
ഹെഡ്‌മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന് അല്‌പം ഗൗരവത്തോടെ ചോദിച്ചു:
"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്നു തോന്നിയാലോ?"
"അങ്ങനെ വേണമെന്നു തോന്നുമ്പോള്‍ അവന് ഇഷ്‌ടമുള്ള മതം തിരഞ്ഞെടുക്കട്ടെ."
ജവഹര്‍ലാല്‍ നെഹ്‌റു
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണപത്രത്തില്‍ നിന്നൊരു ഭാഗം:
"എന്റെ മരണശേഷം എനിക്കായി മതപരമായ യാതൊരു കര്‍മ്മങ്ങളും നടത്തണമെന്ന് എനിക്കാഗ്രഹമില്ലെന്ന് ഉള്ളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു. ഇങ്ങനെയുള്ള യാതൊരു ചടങ്ങുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ഉപചാരമെന്ന നിലയില്‍പ്പോലും അവയ്ക്ക് വിധേയനാകുന്നത് കാപട്യവും നമ്മെത്തന്നെയും മറ്റുള്ളവരെയും മിരട്ടാനുള്ള ഒരു ശ്രമവും ആയിരിക്കും."
2. പ്രതിജ്ഞ
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും.
മുകളില്‍ കൊടുത്ത പ്രതിജ്ഞ ചൊല്ലി വളര്‍ന്ന നമ്മളില്‍ ചിലര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്തുകൊണ്ടാണ്? ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്‌മ ഇന്നും നിലനില്‍ക്കുന്നുണ്ടോ?
3. വിത്തിട്ടവന്‍ വിള കൊയ്യും
മലബാറിന്റെ വടക്കേയറ്റത്തെ ഗ്രാമമായ കരിവെള്ളൂരില്‍ ഭൂവുടമയ്ക്കുവേണ്ടി ഒരു ലക്ഷത്തോളം സേര്‍ (ഇടങ്ങഴി) നെല്ല് കുടിയാന്മാരില്‍നിന്ന് പിരിച്ചെടുത്തിരുന്നു. അന്നവിടെ ക്ഷാമകാലമായിരുന്നു. അവിടത്തെ ആവശ്യത്തിനുപോലും നെല്ല് തികയാത്ത സാഹചര്യം. എന്നിട്ടും പൊലീസ് സംരക്ഷണത്തോടെ നെല്ല് കടത്തിക്കൊണ്ടുപോകാന്‍ ജന്മി ശ്രമിച്ചു. നെല്ല് കടത്തുന്നതിനെതിരായി കര്‍ഷകര്‍ സംഘടിച്ചു. പൊലീസിനെ ചെറുക്കാന്‍ അവര്‍ കല്ലും കവണയും ശേഖരിച്ചു. "ഈ ഗ്രാമങ്ങളില്‍ നിന്നു ഒരുപിടി നെല്ലും കൊണ്ടുപോകരുത്. ഞങ്ങളതിനെ അവസാനം വരെ തടയും"-കര്‍ഷകര്‍ ഒറ്റക്കെട്ടായി പറഞ്ഞു. ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവച്ചു. വെടിവയ്‌പില്‍ രണ്ടുപേര്‍ മരിച്ചു.
കാര്‍ഷികമേഖലയില്‍ കൃഷിക്കാരന് എന്തെല്ലാം പ്രശ്നങ്ങളായിരുന്നു അഭിമുഖീകരിക്കേണ്ടിവന്നത്?
പൊതുകിണറില്‍നിന്ന് വെള്ളമെടുത്തതിന് ദളിതനെ ചുട്ടുകൊന്നു
പൊതുകിണറില്‍നിന്ന് വെള്ളം കോരിയെന്ന കുറ്റത്തിന് ദളിത് യുവാവിനെ സവര്‍ണര്‍ ചുട്ടുകൊന്നു. യുവാവിന്റെ അമ്മ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിലാണ്. ദിലീപ് ഷെംഗ്‌ഡെ (22) എന്ന ദളിത് യുവാവിനെയാണ് സവര്‍ണര്‍ ചുട്ടുകൊന്നത്. ദിലീപിന്റെ സഹോദരി ലത ഗ്രാമത്തിലെ പൊതുകിണറില്‍നിന്ന് വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ സവര്‍ണജാതിക്കാരായ പുരുഷന്മാര്‍ തടഞ്ഞു. ഇതിനെച്ചൊല്ലി ഇരുജാതിയില്‍പ്പെട്ട ചിലര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ സവര്‍ണര്‍ ലതയുടെ കുടുംബവീടിന് തീവയ്ക്കുകയായിരുന്നു. ലതയുടെ സഹോദരന്‍ ദിലീപും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഓടിക്കൂടിയവര്‍ക്ക് അമ്മയെ മാത്രമേ രക്ഷിക്കാനായുള്ളൂ. ദിലീപ് വെന്തുമരിച്ചു. ദേഹമാസകലം പൊള്ളലേറ്റ ദിലീപിന്റെ അമ്മ അത്യാസന്നനിലയില്‍ സ്വകാര്യ ആശുപത്രിയിലാണ്.
പാഠപുസ്‌തകം കേന്ദ്രപരിഷ്കാരത്തിന്റെ അടിസ്ഥാനത്തില്‍
രാഷ്‌ട്രീയം നോക്കാതെ എഴുത്തു പരീക്ഷയിലൂടെ തിരഞ്ഞെടുത്ത അദ്‌ധ്യാപകരാണ് പാഠപുസ്‌തകം തയ്യാറാക്കിയതെന്ന് എസ്.സി. ഇ. ആര്‍. ടി ഡയറക്‌ടര്‍ പ്രൊഫ. എം. എ. ഖാദര്‍ കേരളകൗമുദിയോടു പറഞ്ഞു. 2005 ല്‍ എന്‍. സി. ഇ. ആര്‍. ടി തയ്യാറാക്കിയ പാഠ്യപദ്‌ധതിയെ അടിസ്ഥാനപ്പെടുത്തിയാണ് 2007 ല്‍ കേരളത്തില്‍ പാഠ്യപദ്‌ധതി പരിഷ്ക്കരിച്ചത്. ഇതിനെ ആസ്‌പദമാക്കിയുളള പരിഷ്കാരമാണ് നടന്നു വരുന്നത്- അദ്‌ദേഹം പറഞ്ഞു
സ്വാതന്ത്ര്യസമരത്തെ പുച്ഛിക്കുന്നു: ഉമ്മന്‍ചാണ്ടി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പുച്ഛിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഏഴാം ക്‌ളാസിലെ സാമൂഹ്യപാഠത്തിലുള്ളത്. മഹാത്‌മാഗാന്‌ധി അടക്കമുള്ള നേതാക്കള്‍ക്ക് കൊടുക്കേണ്ട പ്രാധാന്യം കൊടുത്തിട്ടില്ല. കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ പ്രതിഭകളെ വിസ്‌മരിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കാര്‍ഷിക സമരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്.
ബ്രിട്ടീഷ് ഭരണകാലം നല്ലതാണെന്നു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ്. ഈ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ മുഴുവന്‍ പുറത്തുവന്നിട്ടില്ല. ഇതുപോലെ ഇനിയും വളരെയേറെ കാര്യങ്ങള്‍ വരാനുണ്ട്. വളരെയേറെ മാറ്റങ്ങള്‍ പാഠപുസ്തകത്തില്‍ വരുത്തിയില്ലെങ്കില്‍ പുതിയ തലമുറയ്ക്ക് തെറ്റിദ്ധാരണയുണ്ടാകും.

ലോഡുചെയ്യുന്നു...